സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക അവസരങ്ങൾ
അസാപ് കേരള
അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ നാല് ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/careers സന്ദര്‍ശിക്കുക. ഏപ്രില്‍ 1ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്
ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം കോഴിക്കോട് ജില്ലയിലെ തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം.
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കോഴിക്കോട് അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ വാര്‍ഡ് ഒന്നിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് വാര്‍ഡ് ഒന്നിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്സ്. അപേക്ഷ അര്‍ബന്‍ മൂന്ന് ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ - 0495 2461197, 9995735638.
ടീച്ചിങ് അസിസ്റ്റന്റ് നിയമനം
തൃശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ (ഓപണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ഒബ്‌സ്റ്റേട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിനില്‍ (വെറ്ററിനറി) 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നീറ്റ് തത്തുല്യം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 50 വയസ്സ്. ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിന് ഹാജരാകണം.
വോക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇലക്ട്രിക് വെഹിക്കള്‍ സര്‍വിസ് ടെക്നിഷ്യന്റെയും (പ്രായപരിധി: 18 വയസ്സിന് മുകളില്‍) ജി.എസ്.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വിസ് ടെക്നിഷ്യന്‍, ഡ്രോണ്‍ സര്‍വിസ് ടെക്നിഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (പ്രായപരിധി: 25-35) എന്നിവരുടെയും ഒഴിവുണ്ട്. വോക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍: 0474 2794098.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.
താത്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും, ടി സി എം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കൊല്ലം പോളയത്തോടുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്ന മെഡിക്കല്‍ ഓഫീസർമാർ ദക്ഷിണ മേഖലയുടെ അധികാരപരിധിയിലുള്ള ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം) ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം